ജൂലൈ 19-ന് LMHS കുടുംബം ഭക്തിപൂർണ്ണമായി നടത്തിയ കർക്കിടകമാസ ഭജന സമസ്തഭക്തഹൃദയങ്ങളിലും  ഭക്തിസാന്ദ്രത നിറച്ചൊരു ആത്മീയ അനുഭവമായി മാറി.

സമാജത്തിലെ മുതിർന്ന അമ്മമാർ നിലവിളക്ക് തെളിയിച്ച് രാമായണ മാസത്തിന്റെ ഭജനയ്ക്കു  തുടക്കം കുറിച്ചു.

തുടർന്ന് ശ്രീമതി കല രാജീവിന്റെ രാമായണ പ്രഭാഷണം ഭജനയുടെ

മുഖ്യാകർഷണമായിരുന്നു. കുട്ടികളെയും മുതിർന്നവരെയും സമാനമായി സ്പർശിച്ച പ്രസംഗം, ശ്രീരാമന്റെ മഹത്വം മാത്രമല്ല, നമ്മുടെ  പ്രവാസജീവിതത്തിൽ നാം സംരക്ഷിക്കേണ്ട മൂല്യങ്ങളെയും ഓർമ്മപ്പെടുത്തി.

കേരളത്തിലെ വിവിധ പ്രദേശങ്ങളിലായി കർക്കിടകമാസം ആചരിക്കപ്പെടുന്ന വൈവിധ്യങ്ങളെയും, അതിലെ ആധ്യാത്മിക ആശയങ്ങളെയും, നവതലമുറയ്ക്കും മറ്റുള്ളവർക്കും മനസ്സിലാവുന്നവിധം മധുരമായി അവതരിപ്പിക്കുകയുണ്ടായി.

ശീവോതിയുടെ തത്വവും കർക്കിടകവാവിനോടനുബന്ധിച്ച ആചാരങ്ങളും നിർവ്വഹണങ്ങളും, മഹാദേവക്ഷേത്ര ദർശനത്തിന്റെ ആത്മീയപ്രാധാന്യവും, പിതൃതർപ്പണത്തിന്റെ അതുല്യ മഹത്വവും എന്നിവ ശ്രീമതി കല ഭക്തിനിർഭരതയോടെ  പങ്കുവെച്ചു.

തുടർന്ന് LMHS ഭജന സംഘം, ഹൃദയത്തെ തൊട്ടുണർത്തുന്ന രാമഭക്തിഗാനങ്ങളിലൂടെ,  സംഗീതയാഗമായി മാറ്റി. ഓരോ ഗീതത്തിലും ഉൾക്കൊള്ളിച്ചിരുന്ന ഭക്തി എല്ലാപേരെയും ഭക്തിസാഗരത്തിൽ എത്തിച്ചു.തുടർന്ന് LMHS കുടുംബാഗങ്ങൾ നടത്തിയ  അന്നദാനം, ചടങ്ങിന് ദൈവികമായ സമാപനം നൽകി.

ഇത്തരത്തിലുള്ള ആത്മീയ പരിപാടികളിലൂടെ LMHS കുടുംബം, നമ്മുടെ സാംസ്കാരികവും ആത്മീയവുമായ പൈതൃകത്തിന്റെ മൂല്യം, നവതലമുറയിലേക്ക് എത്തിക്കുന്നുതിൽ ശ്രദ്ധേയമായ പങ്കു വഹിക്കുന്നത് അഭിനന്ദനീയമാണ്.